കോഴിക്കോട്: പോലീസ് സേനയ്ക്ക് നിരക്കാത്ത വിധം നിരന്തരം പെരുമാറിയെന്നും അച്ചടക്കം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. പിരിച്ചുവിടല്‍ ഉത്തരവ് ഇന്നലെ പോലീസുകാര്‍ വീട്ടിലെത്തി ഉമേഷിനു കൈമാറി.
ഉത്തരവിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഉമേഷ് പ്രതികരിച്ചു. പത്തനംതിട്ട എസ്പി ഇറക്കിയ ഉത്തരവിനെതിരേ ഡിഐജിക്ക് അപ്പീല്‍ നല്കാന് അവസരമുണ്ട്.
നീതി കിട്ടിയില്ലെങ്കില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്നും മലപ്പുറം സ്വദേശിയായ ഉമേഷ് പറഞ്ഞു. ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടുന്നതിനു മുന്നോടിയായി കഴിഞ്ഞമാസം പത്തനംതിട്ട എസ്പി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സര്‍വീസ് കാലയളവില്‍ ഉടനീളം 11 തവണ വകുപ്പുതല അച്ചടക്ക നടപടികള്‍ക്ക് ഉമേഷ് വിധേയനായിട്ടുണ്ടെന്നും സര്‍വീസിലിരിക്കുമ്പോഴും സസ്പെന്‍ഷനിലായപ്പോഴും ഉമേഷ് വള്ളിക്കുന്നിന്റെ ഭാഗത്തുനിന്നു ഗുരുതരമായ അച്ചടക്ക ലംഘനങ്ങള്‍ ഉണ്ടായിയെന്നും പത്തനംതിട്ട എസ്പിയുടെ നോട്ടീസില്‍ പറയുന്നു. പത്തനംതിട്ടയില്‍ സര്‍വീസിലിരിക്കുമ്പോള്‍ 2024 മേയ് 30ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടശേഷം ഉമേഷിനെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചിട്ടില്ല.